Tuesday, August 20, 2013

ഒരു മഞ്ഞുകാലത്ത്

                                 

"മരിയാ..നീ വരുന്നില്ലേ ? "അവർ ചോദിച്ചു. അലസമായി പാറിപ്പറക്കുന്ന മുടിയിഴകൾ വിരലുകളാൽ മെല്ലെ ഒതുക്കി മാറ്റി, അവൾ തിരിഞ്ഞു നോക്കി. തന്റെ സ്വതസിദ്ധമായ ശാന്ത ഭാവത്തോടെ മരിയ പറഞ്ഞു, "ഞാൻ വരുന്നില്ല...നല്ല ക്ഷീണം.നിങ്ങൾ പോയിട്ട് വാ". "എന്ത് പറ്റി ? വല്ല പനിയോ മറ്റോ ? ", ബിജു ചോദിച്ചു. " ഏയ്‌. അങ്ങനൊന്നും ഇല്ല ഇച്ചായാ..ഒരു മൂഡ്‌ തോന്നുന്നില്ല ! വെറുതെ എന്നെ കാക്കണ്ട , നിങ്ങൾ  പൊയ്ക്കോ ...". മരിയയെ പ്രലോഭിപ്പിക്കാൻ വേണ്ടി അവർ വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. അവിടുത്തെ മനോഹരമായ കാഴ്ചകളെ പറ്റി, ബിജു ഒരു വിശദമായ വർണ്ണന തന്നെ നടത്തി. പക്ഷെ, അവൾക്കു അതിലൊന്നും ഒരു താല്പര്യവും തോന്നിയില്ല. അവൾ പറഞ്ഞു, " ഒക്കെ കൊള്ളാം...പക്ഷെ, ഇന്ന് എന്തായാലും ഞാനില്ല ! നാളെ നമുക്ക് എല്ലാവർക്കുമായിട്ട് പോവാം. എന്നെ വെറുതെ വിട്ടേക്കു...പ്ലീസ് ". മരിയയുടെ ഉറച്ച തീരുമാനങ്ങളെക്കുറിച്ച് വളരെ വ്യക്തമായ ധാരണ എല്ലാവരിലും ഉണ്ടായിരുന്നതിനാൽ , പിന്നെ അധികം  നിർബന്ധിക്കാതെ, " എന്നാപ്പിന്നെ നീ റസ്റ്റ്‌ എടുത്തോ. ഞങ്ങൾ പോയിട്ട് വരാം" എന്നും പറഞ്ഞു കൊണ്ട് അവർ പുറത്തേയ്ക്ക് പോയി. 

ആ കോട്ടേജിൽ എത്തിയ നിമിഷം മുതൽ എന്തോ ഒന്ന്, ശരിക്കും വിശദീകരിക്കാൻ  പറ്റാത്ത ഒന്ന്, തന്നെ വലയം ചെയ്യുന്നത് പോലെ മരിയയ്ക്ക്  തോന്നിയിരുന്നു. ജനാലയിലെ കർട്ടനുകളും, അവയ്ക്കിടയിലൂടെ അരിച്ചിറങ്ങുന്ന അരണ്ട വെളിച്ചവും, ചുവരിലെ പെയിന്റിംഗുകളും, ഫർണ്ണിച്ചറുകളും, അങ്ങനെ പലതും എവിടെയോ കണ്ടു മറന്നത് പോലെ മരിയയ്ക്ക് തോന്നിയിരുന്നു. ചിന്തകൾക്ക് ഭാരം കൂടി വന്നപ്പോൾ , അവൾ മെല്ലെ അവിടുണ്ടായിരുന്ന സോഫയിലേക്ക് ചാഞ്ഞ് , ജനലിലൂടെ മടിച്ചു മടിച്ചു അകത്തേക്ക് വരുന്ന വെയിൽത്തുണ്ടുകളിലേയ്ക്കു നോക്കിക്കിടന്നു. അരികിലെ കണ്ണാടി ജനാലയിൽ , തുളുമ്പി താഴേക്ക്‌ വീഴാൻ വെമ്പുന്ന കണ്ണുനീർത്തുള്ളികൾ പോലെ  , പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുതുള്ളികളെ നോക്കിയിരുന്നപ്പോഴാണ് അവൾ ഒരു കാര്യം ഓർത്തത്. പുറത്ത്, പുൽത്തകിടിയുടെ വശത്തുള്ള മരത്തിന്റെ ചില്ലയിൽ കണ്ട ഊഞ്ഞാലിന്റെ കാര്യം. അപ്പോഴേ അവൾ വിചാരിച്ചതാണ്, ആ ഊഞ്ഞാലിലാടി, അങ്ങ് താഴ്വാരത്തിലേയ്ക്ക് നോക്കിയിരുന്നു പാട്ട് കേൾക്കണം എന്ന്.

അവൾ മെല്ലെ മൊബൈലും എടുത്തു പുറത്തേക്കിറങ്ങി. അപ്പോഴേക്കും ചെറുതായി മഞ്ഞു മൂടാൻ തുടങ്ങിയിരുന്നു. സമയം വൈകുന്നേരം മൂന്നുമണിയാകാൻ നിമിഷങ്ങൾ മാത്രം ബാക്കിയാണെങ്കിലും, അഞ്ചു മണിയോടടുത്ത മതിപ്പുണ്ട് അന്തരീക്ഷത്തിൽ . ശരീരം തുളച്ചു കയറുന്ന തണുപ്പ്,പക്ഷെ ജാക്കറ്റ് ഇടണമെന്ന് മരിയക്കു തോന്നിയതേയില്ല ഇല്ല. മലനിരകളെ തഴുകി വരുന്ന തണുത്ത കാറ്റിനെ, നേർത്ത സംഗീതത്തെയെന്നോണം  മനസ്സാൽ കെട്ടിപ്പുണർന്നു കൊണ്ട് അവൾ പതിയെ പുൽത്തകിടിയിലൂടെ നടന്ന് ഊഞ്ഞാലിനടുത്തേയ്ക്ക് പോയി. ചൂരൽ കസേരയുടെ ആകൃതിയിലുള്ള, വിസ്തൃതമായ ആ ഊഞ്ഞാലിൽ , അവൾ ഒരു നിമിഷം യോഗനിദ്രയിലെന്നപോലെ കണ്ണടച്ചിരുന്നു. പിന്നെ മെല്ലെ കണ്ണ് തുറന്ന്, മൊബൈലിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട പ്ലേലിസ്റ്റ് എടുത്ത്, ആദ്യത്തെ പാട്ടിൽ ക്ലിക്ക് ചെയ്തു.

"പിന്നെയും പിന്നെയും ആരോ കിനാവിൻറെ പടി കടന്നെത്തുന്ന പദനിസ്വനം .."

ആ പാട്ടിലെ, "താനേ തുറക്കുന്ന ജാലകച്ചില്ലിൽ നിൻ തെളിനിഴൽ ചിത്രം തെളിഞ്ഞതാവാം" എന്ന വരി എത്തിയപ്പോഴേക്കും, ആ ഊഞ്ഞാലിൽ ചാരിക്കിടന്ന് അവൾ അറിയാതെ തന്നെ മയങ്ങിക്കഴിഞ്ഞിരുന്നു . പെട്ടെന്ന് എന്തോ അസ്വസ്ഥത തോന്നി, അവൾ ഞെട്ടി ഉണർന്നു നോക്കുമ്പോൾ , അങ്ങേ തലക്കൽ , താഴ്വാരത്തോട് ചേർന്നുള്ള വേലിക്കരികിൽ അവളെത്തന്നെ നോക്കി നില്ക്കുന്ന ഒരാളെ കണ്ടു !!! മൊബൈലിലെ പാട്ട് ഇപ്പോൾ കേൾക്കാനില്ല. താഴ്വാരത്തിൽ മഞ്ഞു വീഴ്ച വളരെ ശക്തമായി എന്ന് അവൾക്കു തോന്നി.തന്നെ പൊതിഞ്ഞു കൊണ്ട് ചുറ്റും നിറയുന്ന മഞ്ഞിന്റെ കട്ടിയും, തണുപ്പും കൂടി വരുന്നതും അവൾ അറിഞ്ഞു. അത്ഭുതഭാവത്തോടെ നോക്കി ഇരിക്കുന്ന  അവളുടെ തുറന്നു പിടിച്ച ചുണ്ടുകൾക്കിടയിലൂടെ കൊടും തണുപ്പ് വഹിച്ചു കൊണ്ടുള്ള പുക ഒഴുകിക്കൊണ്ടിരുന്നു. പുൽത്തകിടികൾക്കിടയിലൂടെ തറയിൽ പതിച്ച് ചിന്നിച്ചിതറുന്ന മഞ്ഞുതുള്ളികളുടെ ശബ്ദം പോലും ശരിക്കും കേൾക്കാവുന്ന വിധത്തിൽ ചുറ്റും നിശബ്ദത ! ഒച്ചയും അനക്കവുമൊന്നും ഇല്ലാത്ത വിധം, സമ്പൂർണ്ണമായ ഒരു നിശ്ചലത !  


വിറയ്ക്കുന്ന ശബ്ദത്തിൽ മരിയ ചോദിച്ചു, "ആരാ അത് ? ". ഭയം എന്ന വികാരത്തെ അതിജീവിക്കും വിധത്തിൽ പ്രകൃതി സമ്മാനിച്ച ആ അന്തരീക്ഷം കാരണമാവാം, അവൾക്കു അപ്പോൾ ഒട്ടും പേടി തോന്നിയിരുന്നില്ല. മറുപടി ഇല്ലാത്തതു കൊണ്ട് അവൾ ഒന്നുകൂടെ ഉറക്കെ ചോദിച്ചു, "ആരാ ?". ഇത്തവണ അയാൾ മെല്ലെ മരിയയുടെ നേർക്ക്‌ നടന്നു വന്നു. അയാളുടെ ഒപ്പം, മേഘപാളികളെന്ന പോലെ കോടമഞ്ഞും തന്റെ അടുത്തേക്ക് വരുന്നത് അവൾ കണ്ടു. അവനിപ്പോൾ അവളുടെ കയ്യെത്തും ദൂരത്താണ്. അവന്റെ ശ്വാസം പോലും അവളിൽ പതിക്കുന്ന അത്രയും അരികെ. മെല്ലെ ഇരുവരുടെയും കണ്ണുകൾ ഒരേ രേഖയിൽ വന്നു. അപ്പോഴാണ് അവൾ കണ്ടത്, കടലോളം ആഴമുള്ള അവന്റെ കണ്ണുകൾ ! ജന്മാന്തരങ്ങളിലൂടെ താൻ തേടി നടന്ന അതേ കണ്ണുകൾ ! പെട്ടെന്ന് അവളുടെ മൊബൈലിൽ നിന്നും അതാ പാട്ട് കേൾക്കുന്നു. "ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം..." ആ വരി കേട്ട മാത്രയിൽത്തന്നെ അവൾ ശരിക്കും ഒരു തരം മായിക ലഹരിയിൽ ആണ്ടു പോയി ! ആരാണ് ഇത് ? എന്താണ് പേര് ? ഇതൊന്നും അറിയാത്ത ഇയാളെയാണോ ഞാൻ  പ്രതീക്ഷിച്ചിരുന്നത് ? ഇത് തന്നെയാവും, ഇവിടെ എത്തിയത് മുതൽ എന്നെ വലയം  ചെയ്തിരുന്ന, വിശദീകരിക്കാൻ കഴിയാതിരുന്ന ആ ഒരു തോന്നൽ ! അതെ...അപ്രതീക്ഷിതമായ വേറെ എന്തോ ഒന്ന് കൂടി നടക്കാൻ പോകുന്നു എന്നവൾ മനസ്സിലാക്കി. ഒരടി കൂടി മുന്നോട്ടു ആഞ്ഞ അയാൾ , തൻറെ കൈപ്പടങ്ങൾ മരിയയുടെ  കവിൾത്തടങ്ങളിൽ ചേർത്ത് വച്ച് അവളുടെ കണ്ണുകളിലേക്കു നോക്കി ! പിന്നെ ചോദിച്ചു ,"എന്നെ മനസ്സിലായില്ലേ ? എന്നെയല്ലേ...എന്നെത്തന്നെയല്ലേ നീ ഇത്രനാളും കാത്തിരുന്നത് ? നോക്ക്...എന്റെ കണ്ണുകളിലേക്ക് നോക്ക്...". അവന്റെ കണ്ണുകളിലേയ്ക്ക് നോക്കിയപ്പോൾ തോന്നിയ ഒരു തരം ദിവ്യമായ അനുഭൂതിയിൽ തന്റെ സർവപ്രജ്ഞകളും മരവിക്കുന്നതായി അവൾക്കു തോന്നി ! പിന്നെ, ബോധം മറഞ്ഞിട്ടെന്നോണം, ഒരു മയക്കത്തിൽ അവൾ അയാളുടെ നെഞ്ചിലേക്ക് വീണു.

ഉണർന്നപ്പോൾ , ഊഞ്ഞാലിനു താഴെ, വെറും നിലത്ത്, കോടമഞ്ഞിൽ ആകെ നനഞ്ഞു കുളിച്ച് കിടക്കുകയാണ് മരിയ ! അവൾ മെല്ലെ അവളോട്‌ തന്നെ ചോദിച്ചു. "മരിയാ...നീ കണ്ടത് സ്വപ്നമായിരുന്നോ ? അല്ലേ ? ആ കണ്ണുകൾ ? ". എന്തെന്നില്ലാത്ത ഒരു വിഷമം  നെഞ്ചിനുള്ളിൽ നിറയുന്ന പോലെ അവൾക്കു  തോന്നി. അവിടെ നിന്നും എണീറ്റ്‌, വേലിക്കപ്പുറത്തെ താഴ്വരത്തിലേക്ക് നോക്കി അവൾ ഉറക്കെ വിളിച്ചു ചോദിച്ചു. "നീ ആരാ ?പറ...ആരാന്നു പോലും പറയാതെ, നീ എവിടെപ്പോയി ? നീ ആരാ ? "

പെട്ടന്ന് അടുത്ത് നിശബ്ദമായി കിടന്ന മൊബൈൽ വീണ്ടും പാടിത്തുടങ്ങി ....
" അഴകിൻ പവിഴം പൊഴിയും നിന്നിൽ , അമൃത കണമായ് സഖി ധന്യനായ് ...
ദേവാങ്കണങ്ങൾ കൈ ഒഴിഞ്ഞ താരകം ....."