Friday, October 28, 2011

നിധി

മഴനൂലുകള്‍ക്കു കനംവെച്ച് തുടങ്ങിയിരിക്കുന്നു. മുട്ടയുമായി വേഗത്തില്‍ എങ്ങോട്ടെന്നില്ലാതെ പാഞ്ഞു നടക്കുന്ന ചോണനുറുമ്പുകള്‍ ഒരു മഴയുടെ സൂചന നേരത്തെ തന്നെ നല്‍കിയിരുന്നു. അമ്മയില്‍ നിന്നും പകര്‍ന്നു കിട്ടിയ അറിവായിരുന്നു ചോണനുറുംമ്പുകളുടെ ഓട്ടത്തിന്റെ രഹസ്യം. അവറ്റകള്‍ക്ക് മഴയുടെ വരവിനെ പറ്റി മുന്‍കൂട്ടി അറിയാനുള്ള കഴിവുണ്ട് പോലും, ആവോ ആര്‍ക്കറിയാം. എന്തായാലും ഇത്തവണത്തെ അവധി മഴയില്‍ ഒലിച്ചു പോകുന്ന ലക്ഷണമാണ് കാണുന്നത്. വര്‍ഷംഅഞ്ചു കഴിയുന്നു നാട്ടില്‍ നിന്ന് പോയിട്ട് , ഇപ്പോഴാണ്‌ ഒരു അവധി തരമായത്. പലരേയും കാണാനുണ്ട്, പല കാര്യങ്ങളും ചെയ്തു തീര്‍ക്കനുമുണ്ട്, പക്ഷെ ഈ മഴ.....എന്താ ചെയ്ക. പഴയ കിടപ്പ് മുറിയില്‍ ചില പുസ്തകങ്ങള്‍ ഉണ്ടാവും, തല്ക്കാലം സമയംപോവാന്‍ അത് മതി. വീട് പുതുക്കി പണിഞ്ഞത് കൊണ്ട് അവധിക്കുവന്നിട്ട് അങ്ങോട്ട്‌ പോകേണ്ടിവന്നില്ല . എന്തായാലും ഒന്ന് പോയി നോക്കുക തന്നെ. മുറിക്കു വലിയ മാറ്റമൊന്നുമില്ല, എല്ലാം വിട്ടിട്ടുപോയ പോലെതന്നെ ഉണ്ട് , പക്ഷെ ആകെ പൊടിയും മാറാലയും പിടിച്ചിരിക്കുന്നു. ഭാഗ്യത്തിനു പുസ്തകങ്ങള്‍ എല്ലാംറാക്കില്‍ തന്നെ ഇരിപ്പുണ്ട് . മെല്ലെ ഓരോന്നായി എടുത്ത് തലക്കെട്ടുകള്‍ നോക്കി മാറ്റിവെയ്ക്കുമ്പോഴാണ് ഒരു പുസ്തകത്തില്‍ ശ്രദ്ധ പതിഞ്ഞത്. "ധൃതരാഷ്ട്രാലിംഗനം", ആ തലക്കെട്ട്‌.........മനസ്സില്‍ ഓര്‍മ്മകളുടെ ഒരു നനുത്ത മഴ..... പതിയെ മേശയുടെ വലിപ്പു തുറന്നു....... അതെ, അത്... അവിടെതന്നെ ഉണ്ട്..... ഒരു ചെപ്പ് ..... ഒരു സിന്ദൂരചെപ്പ് ..... അതിനുള്ളില്‍.......
"എന്ത് മഴയാ അല്ലെ ഏട്ടാ ........." നിഷ്കളങ്കമായ ചോദ്യവുമായി ചിരിച്ചു കൊണ്ട് മുന്നില്‍ നില്‍ക്കുന്ന പെണ്‍കുട്ടി.... മേശപ്പുറത്തിരിക്കുന്ന ചെറുപ്പക്കാരന്‍ ...... എല്ലാം ഒരു തിരശ്ശീലയിലെന്നപോലെ മനസ്സില്‍ തെളിയുന്നു. "എന്റെ കയ്യില്‍ ഒരൂട്ടം ഉണ്ടല്ലോ, കാണണോ?" അവള്‍ ചോദിച്ചു. "കണ്ടു കളയാം" കൃത്രിമമായി ഉണ്ടാക്കിയ താല്പര്യകുറവോടെ അവന്‍ പറഞ്ഞു. മുന്നോട്ടു നീട്ടിയ കയ്യില്‍ ഒരു സിന്ദൂരചെപ്പ്...... അവള്‍ അത് മെല്ലെ തുറന്നു, കുറെ മഞ്ചാടി മണികള്‍, പിന്നെ ഒന്നു രണ്ടു മയിപ്പീലി തുണ്ടുകളും...... "എന്റെ നിധിയാ, എങ്ങിനെ ഉണ്ട്....."അവള്‍ ചോദിച്ചു. അവനു ചിരിയാണ് വന്നത്. നിധിയാണ്‌ പോലും, പത്തു പതിനാറു വയസ്സായി ഇതുവരെ കുട്ടിക്കളി മാറിയിട്ടില്ല. പക്ഷെ അവളുടെ മുഖത്തെ ഗൗരവം കണ്ടപ്പോള്‍ അവന്‍ ചിരി മെല്ലെ അടക്കി. "അല്ലാ ഏട്ടന്‍ വായിക്കുകയായിരുന്നോ" മടക്കി വെച്ചിരുന്ന പുസ്തകമെടുത്തുനോക്കി അവള്‍ ചോദിച്ചു. "ധൃതരാഷ്ട്രാലിംനം, കൊള്ളാമല്ലോ ഏട്ടാ, ഈ കഥ എനിക്കൊന്നു പറഞ്ഞു തരൂ ....." അവനു ദേഷ്യമാണ് വന്നത്. "നിനക്കിതെടുത്തു വായിച്ചു കൂടെ..." പ്രകടമായ ദേഷ്യത്തോടെ അവന്‍ ചോദിച്ചു. പക്ഷെ അവള്‍... അവള്‍ വിടാനുള്ള ഭാവമില്ല .....നിര്‍ബന്ധം തുടരുകയാണ്...... ഒടുവില്‍ അവനു സമ്മതിക്കേണ്ടിവന്നു, പിന്നെ കഥ പറഞ്ഞു തുടങ്ങി....കഥയുടെ അവസാനം.....
"ധൃതരാഷ്ട്രരുടെ മുന്നിലേക്ക്‌ നീക്കിവെച്ച ഭീമന്റെ ഇരുമ്പ് പ്രതിമയെ ........ " അപ്പോഴാണ് അവനു ഒരു കുസൃതി തോന്നിയത്......" ധൃതരാഷ്ട്രര്‍ ഇങ്ങിനെ.... ഇങ്ങിനെ കെട്ടിപ്പിടിച്ചു....ഭീമനെ...ഭീമനെ കൊല്ലുകയായിരുന്നു ഉദ്ദേശം." എന്ത് മണമാണ് ഇവളുടെ മുടിക്ക്....എന്താ ഇവള്‍ ഒന്നും മിണ്ടാത്തത്......മെരുക്കമുള്ള ഒരു ആട്ടിന്‍കുട്ടിയെപ്പോലെ കരവലയത്തില്‍ ഒതുങ്ങി നില്‍ക്കുന്ന അവള്‍....പുറത്തു തിമിര്‍ത്തു പെയ്യുന്ന മഴ...ഇത്ര അടുത്ത് ആദ്യമായി ഒരു സ്ത്രീ ശരീരം.....പിന്നെ....

മേശപ്പുറത്തു മറന്നു വെച്ച് പോയ ഒരു സിന്ദൂര ചെപ്പ് ......അവളുടെ നിധി....അറിയാതെയോ...അതോ....

"മോനെ ഇതാരാ വന്നിരിക്കുന്നെതെന്നു നോക്കിയേ..." അമ്മയുടെ ഉച്ചത്തില്‍ ഉള്ള വിളി തിരികെ വര്‍ത്തമാനകാലത്തിലേക്കെത്തിച്ചു. ഉമ്മറത്തേക്ക് നടക്കുമ്പോള്‍ ആ ചെപ്പ് കൂടി കൈയിലെടുത്തു.....
ഒന്നിനുമല്ല....വെറുതേ!

--------------------------------------------------

Monday, October 10, 2011

യാത്ര

മഴ കനത്തു വരുന്നുണ്ടല്ലോ, ഞാന്‍ വൈപ്പറിന്റെ സ്പീഡ് അടുത്ത ലെവലിലേക്ക് മാറ്റി. കാര്യമില്ല മഴയത്ത് വണ്ടി ഓടിക്കുന്ന കാര്യം കഷ്ടമാണ് . പക്ഷെ പോവാതെ വയ്യല്ലോ , രാത്രി തന്നെ വീട്ടിലെത്തേണ്ട കാര്യമുണ്ട് എന്താ ചെയ്ക . സ്ട്രീറ്റ് ലൈറ്റ് കള്‍ കത്തുന്നുമില്ല , വല്ല മരവും ലൈനിന് മുകളിലേക്ക് വീണിട്ടുണ്ടാവും , അമ്മാതിരി മഴ അല്ലെ പെയ്യുന്നത് . വഴി കാണാന്‍ പലപ്പോഴും ഹെഡ് ലൈറ്റ് ന്റെ വെളിച്ചം പോരാതെ വരുന്നു. ഇടക്കിടക്കുള്ള മിന്നല്‍ സഹായമായിതോന്നിയത് ജീവിതത്തില്‍ ഇത് ആദ്യമായിട്ടാണ് . മിന്നലിന്റെ വെളിച്ചത്തിലാണ് കണ്ടത്, ഒരു വൃദ്ധന്‍, ആകെ നനഞൊ ലിച്ചിട്ടുണ്ട്‌ . കണ്ടപ്പോള്‍ കഷ്ടം തോന്നി, മെല്ലെ വഴിഅരുകിലേക്ക് കാര്‍ ഒതുക്കി, ഏകദേശം വൃദ്ധന്റെ മുന്നിലായി നിര്‍ത്തി. അയാള്‍ ആരെയോ പ്രതീക്ഷിച്ചു നില്‍ക്കുന്നതു പോലെ തോന്നി. കാര്‍ അടുത്ത് വന്നു നിന്നിട്ടും ശ്രദ്ധിച്ച മട്ടില്ല . വഴിയുടെ അങ്ങേ അറ്റത്തേക്കാണ് ശ്രദ്ധ മുഴുവനും. ഇനി ബസ്‌ കാത്ത് നില്‍ക്കുകയവുമോ? ടൌണിലേക്കുള്ള ലാസ്റ്റ് ബസ്‌ ഏകദേശം ഒരു ഇരുപതു മിനിട്ട് മുന്‍പാണ്‌ എന്റെ കാറിനെ ഓവര്‍ ടേക്ക് ചെയ്തു പോയത്. ഞാന്‍ അപ്പോഴാണ് അയാളെ ശ്രദ്ധിച്ചത്, പ്രതാപകാലത്ത് നല്ല ആരോഗ്യവനയിരുന്നിരിക്കണം, മുടിയും താടിയും അപ്പാടെ നരച്ചിട്ടും നല്ല ബലിഷ്ടമായ ദേഹം. ഞാന്‍ മെല്ലെ കാറിന്റെ വാതില്‍ തുറന്നു ചോദിച്ചു, "അമ്മാവാ ആരെയാ കാത്ത് നില്‍ക്കുന്നത് , അതും കൊടും മഴയത്ത് , ഇനി സമയത്ത് വഴി ബസ്‌ ഒന്നും ഇല്ല, ടൌണിലേക്കാണെന്‍കില്‍ ഞാന്‍ വിടാം. പക്ഷെ അയാളുടെ മറുപടി എന്നെ ശരിക്കും അദ്ഭുതപ്പെടുത്തി . " നീ വരും എന്നെനിക്കറിയാം പക്ഷെ എനിക്ക് കേറേണ്ട വണ്ടി ഇതല്ല, എന്റെ വണ്ടി ഇപ്പോള്‍ വരും, പക്ഷെ നീ വിഷമിക്കേണ്ട നിന്റെ വണ്ടിയിലുള്ള യാത്ര ഇനി ഒരിക്കലാവാം.ദൂരെ നിന്നും അടുത്തുവരുന്ന ഹെഡ് ലൈറ്റ്ഇന്റെ വെളിച്ചം കണ്ടപ്പോള്‍ അയാള്‍ ഉത്സാഹഭരിതനവുന്നതുപോലെ തോന്നി. വേഗത്തില്‍ വന്ന കാറിനു മുന്നിലേക്ക്‌ അയാള്‍ എടുത്തു ചാടി കൈവീശി , കാര്‍ അയാളെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ നിന്നു, ഉയര്‍ത്തി വെച്ച ഗ്ലാസില്‍ ഇടിച്ചു കൊണ്ട് അയാള്‍ യാത്രക്കാരനോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, തീര്‍ച്ചയായും അയാള്‍ കാറിലെ യാത്രക്കാരനോട് ലിഫ്റ്റ്‌ ചോദിക്കുകയയിരിക്കും. ഭ്രാന്തനാണെന്ന് തോന്നുന്നു. അല്ലെങ്കില്‍ പിന്നെ ലിഫ്റ്റ്‌ കൊടുക്കാന്‍ തയ്യാറായ എന്നെ വിട്ടിട്ടു കാറിനെ എന്തിനാ തടയുന്നത്. മടിച്ചു മടിച്ചാണെങ്കിലും വാതില്‍ തുറന്നു കൊടുത്ത യാത്രക്കാരനെ ഒരു മിന്നലില്‍ ഞാന്‍ കണ്ടു. സുമുഖനായ ഒരു ചെറുപ്പക്കാരന്‍, ഏറിയാല്‍ ഒരു മുപ്പതു വയസ്സുണ്ടാവും, എന്നെക്കാളും ഇരുപതു വയസ്സിനെങ്കിലും ചെറുപ്പം, ഇനിയും ജീവിതം ഒരുപാടു ബാക്കി, ഭാഗ്യവാന്‍. അപ്പോഴേക്കും അവര്‍ കാര്‍ വിട്ടു പോയിരുന്നു. ഞാന്‍ മെല്ലെ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു മുന്നോട്ടെടുത്തു . രണ്ടു വളവു കഴിഞ്ഞില്ല ഒരു മരത്തില്‍ ഇടിച്ചു തകര്‍ന്നു കിടക്കുന്ന ചെറുപ്പക്കാരന്റെ കാര്‍. ഞാന്‍ കാര്‍ നിര്‍ത്തി ഓടിച്ചെന്നു, രക്തത്തില്‍ കുളിച്ചു കിടക്കുന്ന ചെറുപ്പക്കാരന്‍, പക്ഷെ വൃദ്ധന്‍ , അയാളെവിടെ? വീണ്ടും ഒരു മിന്നല്‍... വെളിച്ചത്തില്‍....... വഴിയുടെ മറു വശത്ത് ചരിച്ചു കൊണ്ട് കൈവീശി ആരെയോ യാത്രയാക്കുന്ന വൃദ്ധന്‍......അപ്പോഴേക്കും മഴ തുള്ളിയിട്ടു തുടങ്ങിയിരുന്നു...പിന്നെ..... എന്റെ ചെവിയില്‍ അയാളുടെ വാക്കുകള്‍..... നിന്റെ വണ്ടിയിലുള്ള യാത്ര ഇനി ഒരിക്കലാകാം!
--------------------------------------