Sunday, August 3, 2014

കരിമ്പടം

എന്റെ കിടപ്പുമുറിയുടെ വശത്തുള്ള ജനാലയിലൂടെ നോക്കിയാൽ നീണ്ടു നിവർന്നു  പോവുന്ന റോഡ്‌ കാണാം  പിന്നെ റോഡിനരികിലുള്ള  മൈതാനവും. ജനാലയിലൂടെ പുറത്തേക്കു നോക്കിയിരിക്കലാണ് ഇപ്പോൾ എന്റെ പ്രധാന ജോലി . പുറം ലോകവുമായി എന്നെ ബന്ധിപ്പിക്കുന്ന ഒരേ ഒരു കണ്ണി   ഈ ജനാലയാണ്. മൈതാനത്തിന്റെ വശത്തുള്ള മരങ്ങൾക്ക്  കീഴെ ഉള്ള തടി ബഞ്ചുകളിൽ പലരും വന്നും പോയും ഇരുന്നു . ജീവിതത്തിൽ അഭിനയിച്ചു തകർത്ത പല വേഷങ്ങളുടെയും തനി ആവർത്തനങ്ങൾ ...  കൂട്ടമായിരുന്നു ബഹളം വെയ്ക്കുന്ന ചെറുപ്പക്കാർ, കാമുകി കമുകൻമാർ, ഭാര്യാ ഭർത്താക്കൻമാർ, നടക്കാൻ ഇറങ്ങുന്ന വൃദ്ധർ  അങ്ങിനെ  അങ്ങിനെ  പലരും, ഒരിക്കലും അവിടെ സ്ഥിരമായി ആരും   ഉണ്ടാവാറില്ല .

രണ്ടു മൂന്നു ദിവസമായി ഞാൻ ശ്രെദ്ധിക്കുന്നു , കയ്യിൽ  ഒരു കരിമ്പടക്കെട്ടുമായി  ഒരു വയസ്സിതള്ള, വീടിനു പുറത്തു നിന്ന് അകത്തേക്ക് നോക്കി നില്ക്കുന്നു. ചിലപ്പോഴൊക്കെ അവർ എന്റെ ജനലയിലേക്ക് നോക്കി എന്നെ തന്നെ ശ്രെദ്ധിക്കുന്നത് പോലെ. എന്റെ തോന്നലുകളാണോ ആവൊ?  കുറെ നാളുകളായി എന്റെ തോന്നലുകളാണല്ലോ എന്നെ മുന്നോട്ട് നയിക്കുന്നത്. എപ്പോഴോ എന്റെ ശ്രെദ്ധ റോഡിലൂടെ തിരക്കിട്ട് നടക്കുന്നവരിലേക്ക് മാറി, എല്ലാവര്ക്കും എന്ത് തിരക്കാണ്. എനിക്കിപ്പോൾ ഒരു തിരക്കുമില്ല, ആരെയും ഒന്നും ബോധിപ്പിക്കാനും ഇല്ല, അല്ല എന്നെ കൊണ്ട് ആവില്ല എന്നതാണ് സത്യം. എന്നോ എവിടെയോ കൈവിട്ടു പോയ തിരക്ക്, തിരക്ക്കൂട്ടലുകൾക്കിടയിൽ വേഗത്തിൽ ഓരോ പണി ആയി ചെയ്തു തീർക്കുമ്പോൾ, പലതും നേടുമ്പോൾ തോന്നിയ അഭിമാനം ....പക്ഷെ ഒരു കാര്യത്തിൽ മാത്രം ഒരു വിത്യാസവുമില്ല, എന്നെ മനസ്സിലാക്കുന്നവർ അന്നും ഇന്നും ഇല്ല, എന്നെ ഇഷ്ടപ്പെടുന്നവരും. പലർക്കും  പല ആവശ്യങ്ങൾ. അവര്ക്ക് വേണ്ടത് എന്നെ ആയിരുന്നില്ല എന്റെ കഴിവുകളെ ആയിരന്നു എന്ന് മനസ്സിലാക്കാൻ വൈകി, ഒരു പക്ഷെ ഒരു പാട് വൈകി . അപ്പോഴേക്കും എനിക്ക് പലതും നഷ്ടമായി കഴിഞ്ഞിരുന്നു.

അല്ല ആ തള്ള എവിടെ പോയി , അവർ മൂന്ന് ദിവസമായി നിന്നിരുന്ന സ്ഥലം ശൂന്യമാണല്ലോ, എന്തായാലും നന്നായി , അലോസരപ്പെടുത്തുന്ന ആ നോട്ടം ഇനി കാണണ്ടല്ലോ, ശല്യം  പോയിക്കിട്ടി.  പെട്ടന്നാണ് ചുമലിൽ ഒരു തണുപ്പ്,  ആരോ ചുമലിൽ  ഐസ് വെച്ചപോലെ. തിരിഞ്ഞു നോക്കുമ്പോൾ അവർ , ആ തള്ള എന്റെ തൊട്ടടുത്ത്‌...ഐസ് പോലെ തണുത്ത കൈപ്പടം എന്റെ ചുമലിൽ വെച്ച് എന്നെ തുറിച്ചു നോക്കി നിൽക്കുകയാണ്. വിളറി വെളുത്തു  ജീവസറ്റ  മുഖം, ദേഹം മുഴുവനും മൂടിയ വസ്ത്രങ്ങൾ, പക്ഷെ അല്പ്പം പോലും മുഷിഞ്ഞിട്ടില്ല . എന്നെ ഞെട്ടിച്ചത് അവരുടെ സ്പർശമോ  രൂപമോ ഒന്നും അല്ല, ആണ്ടിറങ്ങുന്ന കണ്ണുകൾ ... എന്തൊരു വശീകരണശക്തിയാണ്  അവരുടെ കണ്ണുകൾക്ക്‌ ! അവർ എന്റെ കണ്ണുകളിലേക്ക് നോക്കി മെല്ലെ പറഞ്ഞു ,നല്ല കരിമ്പടം ഉണ്ട് ...നിനക്ക് വേണ്ടി മാത്രമായി ഞാൻ  കൊണ്ട് വന്നതാ, അത് നിനക്ക് തരാൻ സമയമാവാത്തതു കൊണ്ട് ഞാൻ കാത്തു നിൽക്കുകയായിരുന്നു, ഇനി വൈകിക്കണ്ട , നിനക്കിതു നിഷേധിക്കാൻ ആവില്ല , നിനക്കെന്നല്ല ഒരു മനുഷ്യനും . പിന്നെ അവർ മെല്ലെ ആ കരിമ്പടമെടുത്തു  എന്റെ നേർക്ക് നിവർത്തി വീശി....ഇരുട്ട്... ഇരുട്ട് മാത്രം..മറയുന്ന ബോധത്തിൽ നിന്നും അവസാന ശബ്ദവും മാഞ്ഞു പോകുന്നു ...വെളിച്ചവും.        

No comments:

Post a Comment